സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത, നാളെ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേരും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശിച്ചു.
പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വാക്‌സീന്‍ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി നിർദ്ദേശിച്ചു. വാക്‌സീന്‍ എടുത്തവര്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ് അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.