തിരുവനന്തപുരം: സംസ്ഥാനത്ത് അതിക്രമ കേസുകളില്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ നടപടികള്‍ ഈ മാസം തീര്‍ക്കാന്‍ നിര്‍ദേശം. നിലവിലെ കേസുകളില്‍ ഈ മാസം 31 നകം കുറ്റപത്രം നല്‍കണമെന്നും ഗാര്‍ഹിക വിഷയങ്ങളിലെ പരാതിയില്‍ ഉടന്‍ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പൊലീസുകാരുടെ മോശം പെരുമാറ്റത്തില്‍ പരാതി ലഭിച്ചാല്‍ എസ് പി നേരിട്ട് അന്വേഷിക്കണമെന്നും ഡി ജി പി നിര്‍ദേശിച്ചു.
ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പോക്‌സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി നിര്‍ദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി മാര്‍ഗ നിര്‍ദേശം നല്‍കിയത്. പൊലീസിനെതിരെ സമീപകാലത്തുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തത്.
കോടതി നിര്‍ദേശ പ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഡിജിപി സര്‍ക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആരോപണങ്ങള്‍ തുടരുന്ന നിലയായിരുന്നു. ഇതിനിടെ പൊലീസിനെതിരെ നിരന്തരമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥയോഗം വിളിച്ചിരുന്നു. വീഴ്ചകള്‍ ഉണ്ടാരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും പൊലീസിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.