മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക സംഘര്‍ഷം. കണ്ണൂര്‍, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പ്രതിഷേധ മാര്‍ച്ചിന്റെ നിയന്ത്രണം കൈവിട്ടു. പൊലീസ് ബലം പ്രയോഗിച്ചതോടെ കല്ലേറും ചെരുപ്പേറും കുപ്പിയേറുമുണ്ടായി. ജലപീരങ്കി നിരവധി തവണ പ്രയോഗിച്ചു.
കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്തം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കെ സുധാകരനെതിരെ പൊലീസ് നോട്ടീസയച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ നിര്‍ദ്ദേശം തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പൊലീസിന്റെ ഭീഷണി വിലപ്പോകില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.