സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്നാണ് സമരക്കാർ പറയുന്നത്. ആവശ്യങ്ങളിൽ രേഖാമൂലം വ്യക്തത വരുത്തണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡോക്ടർമാർ. പിജിക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതാണെന്നാണ് മന്ത്രി പറയുന്നത്. സ്റ്റൈപ്പൻഡ് വർധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ വർദ്ധിപ്പിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. ജോലി ഭാരം കുറയ്ക്കണം എന്ന സമരക്കാരുടെ പ്രധാന ആവശ്യം നിറവേറ്റാൻ സമിതിയെ നിയോഗിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. 307 നോൺ അക്കാദമിക്ക് റസിഡൻസി ഡോകടർമാരെ ഇതിനകം നിയമിച്ചിട്ടുണ്ടെന്നും കൂടുതൽ സീനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള പരിമിതി സമരക്കാരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.