Spread the love

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച സ്റ്റൈലൻ റെഡ് ജീപ്പ് ഇനി വെറും ആക്രി. ആകാശ് ഓടിച്ച രൂപമാറ്റം വരുത്തിയ ജീപ്പ് ഇനിമുതൽ നിരത്തിൽ ഇറക്കാൻ സമ്മതിക്കില്ലെന്നും ആക്രിയാക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നുമാണ് എം.വി.ഡി ഹൈക്കോടതിയെ അറിയിച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും വാഹന ഉടമയ്ക്ക് 1.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും എം.വി.ഡി കോടതിയെ അറിയിച്ചു.

സീറ്റ് ബെൽറ്റ്‌ പോലും ധരിക്കാതെ രൂപമാറ്റം വരുത്തിയ വാഹനവുമായി സഞ്ചരിക്കുന്ന ആകാശിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വാഹനവുമായി ബന്ധപ്പെട്ട നിയമവിരുദ്ധത ചർച്ചയാകുന്നത്. വാഹനം ആകാശിന്റേത് ആയിരുന്നില്ല. മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനമാണ് ഇത്. ഈ വാഹനത്തിന് മുൻപ് മൂന്നുതവണ കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നുവെന്നും ഇന്ത്യൻ ആർമിയിൽ നിന്നും ലേലത്തിൽ സ്വന്തമാക്കിയ വാഹനം പിന്നീട് നിരവധി രൂപ മാറ്റങ്ങൾക്ക് വിധേയമാക്കിയത് നിയമവിരുദ്ധമാണെന്നും എം.വി.ഡി പറയുന്നു. വാഹനത്തിന്റെ വലുപ്പം വരെ കുറച്ചു. ഇത് സുരക്ഷാ ഭീഷണിയാണ്. ആറു സീറ്റ് ഉള്ള വാഹനം മൂന്നു സീറ്റ് ആക്കി മാറ്റിയതിനേയും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

Leave a Reply