Spread the love

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഒരു വിജയാഘോഷം നടന്നത്.

ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ മോഹൻലാൽ പൂനയിൽ ചിത്രീകരണം നടന്നുവരുന്ന സത്യൻ അന്തിക്കാടിൻ്റെ ഹൃദയപൂർവ്വം എന്ന സിനിമയിൽ അഭിനയിച്ചുവരികയായിരുന്നു. മോഹൻലാൽ തുടരും കാണുന്നതും പൂനയിൽവച്ചാണ്. പൂനയിലെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയേഴിനു പൂർത്തിയായി. കൊച്ചിയിൽ വീണ്ടും ആരംഭിച്ചു. മെയ് രണ്ടിനാണ് ഹൃദയപൂർവ്വം വീണ്ടും കൊച്ചിയിൽ ആരംഭിച്ചത്. തൻ്റെ വിവാഹ വാർഷികം ചെന്നൈയിലും, മുംബൈയിൽ ഇൻഡ്യയിലെ പ്രമുഖ താരങ്ങൾ അണിനിരന്ന പ്രധാനമന്ത്രിയുടെ ഒരു ചടങ്ങിലും പങ്കെടുത്ത ശേഷമാണ് മോഹൻലാൽ മെയ് രണ്ടിന് കൊച്ചിയിൽ എത്തിയത്

ചിത്രം ഇത്രയും ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിൻ്റെ സാന്നിദ്ധ്യത്തിൽ ഒരു സക്സസ് സെലിബ്രേഷൻ നടത്തുവാൻ ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആസന്റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഈ വിവരം അവർ മോഹൻലാലിനെ അറിയിക്കുകയും ചെയ്തു.

സിനിമയുടെ വിജയത്തിനു ശേഷം മോഹൻലാൽ കേരളത്തിൽ എത്തുന്ന ദിവസം തന്നെ ഒരു ചടങ്ങ് അതായിരുന്നു സംഘാടകരുടെ ആഗ്രഹം. മെയ് രണ്ടിന് ഹൃദയപൂർവ്വം സിനിമയുടെ കൊച്ചി ഷെഡ്യൂൾ ആരംഭിച്ചത് ട്രാവൻകൂർ ഹോട്ടലിൽ ആയിരുന്നു. ഇവിടെ പ്രസിഡൻ്റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ലളിതമായ ഒരുചടങ്ങ് സംഘടിപ്പിച്ചു. നിർമ്മാതാവ് എം. രഞ്ജിത്ത് ഇതേ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. ഫാൻസ് ഭാരവാഹികൾ രഞ്ജിത്തിനെകണ്ട് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്നുണ്ടെന്ന കാര്യം അറിയിച്ചു “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇങ്ങനെയൊരു ചടങ്ങ് നടത്തുന്ന കാര്യം താനറിഞ്ഞതെന്ന് രഞ്ജിത്ത് പിന്നീട് ചടങ്ങിൽ പറഞ്ഞു. സംവിധായകനില്ലാതെ എന്താഘോഷം എന്നാണ് രഞ്ജിത്ത് സംഘാടകരോടു ചോദിച്ചത്.

രഞ്ജിത്ത് തന്നെ സംവിധായകൻ തരുൺ മൂർത്തിയേയും തിരക്കഥകൃത്ത് കെ.ആർ. സുനിലിനേയും വിളിച്ച് വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഇരുവരും എത്തിച്ചേർന്നു. ഉച്ചക്ക് രണ്ടു മണിയോടെ ബാങ്കറ്റ് ഹാളിൽ എല്ലാവരും ഒത്തുചേർന്നു. ഒപ്പം സംവിധായകൻ സത്യൻ അന്തിക്കാടും. മോഹൻലാൽ, തരുൺ മൂർത്തി ചിപ്പി രഞ്ജിത്ത്, എം.രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആൻ്റെണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഇവിടെ ഈ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു

Leave a Reply