ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല.
കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ഗാർഹിക പീഡന കേസിലെ പരാതിക്കാരി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പോലീസ് റിപ്പോർട്ട്.
ഒക്ടോബർ 29 ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ, സി എൽ സുധീർ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ.
സിഐ സുധീർ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്.
ഭർത്താവ് മുഹമ്മദ് സുഹൈലിന്‍റെയും മാതാപിതാക്കളുടെ പീഡനത്തിനെതിരെ ഒക്ടോബർ 29 ന് മൊഫിയ പർവീൺ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായത് പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ മാത്രമാണെന്നാണ് ഡിഐജി നീരജ് കുമാർ ഗുപ്ത നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ.
ആലുവ എസ്പിയ്ക്ക് ലഭിച്ച പരാതി ഒക്ടോബർ 29 ന് തുടർ നപടികൾക്കായി ആലുവ ഈസ്റ്റ് സിഐ സി എൽ സുധീറിന് കൈമാറി.
സുധീർ കേസിലെ തുടർ നടപടി മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാര്യമായ മേൽനോട്ടം ഉണ്ടായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇക്കാര്യത്തിൽ സിഐ നൽകിയ വിശദീകരണം ഇങ്ങനെയാണ്. സ്റ്റേഷനിലെ ദൈനംദിന ചുമതലകളുടെ ബാഹുല്യം കാരണം അന്വേഷണം മറ്റൊരാളെ എൽപ്പിച്ചു. ഈ ഉദ്യോഗസ്ഥൻ ഇരു വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എറ്റവും ഒടുവിൽ നവംബർ 18 ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. എന്നാൽ അന്ന് പരീക്ഷയുണ്ടെന്ന് അറിയിച്ച പറഞ്ഞ് മോഫിയ ഹാജരായില്ല.
ആത്മഹത്യ നടന്ന ദിവസം പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയ്ക്കിടെ സിഐയുടെ മുറിയിൽവെച്ച് സുഹൈൽ അപമര്യാദയായി സംസാരിച്ചതിൽ പ്രകോപിതയായി മൊഫിയ സുഹൈലിനെ അടിച്ചു. ഇത് ബഹളത്തിനിടയാക്കി. സിഐ ഈ ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ സിഐ മകളെ നീ മാനസീക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന ആരോപണമാണ് അമ്മ പ്യാരി ഉന്നയിച്ചത്.
ഡിഐജിയുടെ റിപ്പോർട്ട് തുടർ നപടികൾക്കായി ഡിജിപിയ്ക്ക് കൈമാറിയിരിക്കുകയാണ്.