കൊടുവള്ളി (കോഴിക്കോട്)∙ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് അന്തരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.
തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.
നരിക്കുനിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പു തന്നെ നാട്ടുകാർ സ്ലാബിനടിയിൽനിന്നും അഭിനെ പുറത്തെടുത്തു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച . അമ്മ: ശോഭന. സഹോദരങ്ങൾ: അമൽ ദേവ്, അതുൽ ദേവ്.