ന്യൂഡൽഹി :കോവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ
ഇടപെടലിന്റെ ഭാഗമായി വിദഗ്ധരുടെ കർമ്മ സമിതി രൂപീകരിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന് കീഴിൽ ദേശീയ കോവിഡ് കർമ്മസമിതി നിലനിൽക്കെയാണ് സുപ്രീംകോടതിയുടെ ഈ നടപടി.ഓക്സിജൻ ക്ഷാമം, ആവശ്യ മരുന്നുകളുടെ ലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ഈ 12 അംഗ സമിതി പ്രാധാന്യം നൽകുക. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും, ആരോഗ്യ സെക്രട്ടറിയും, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 10 പേരും അടങ്ങുന്നതാണ് സമിതി. ക്യാബിനറ്റ് സെക്രട്ടറിയാണ് കൺവീനർ.

ഓക്സിജൻ ക്ഷാമം സംബന്ധിച്ച് വിവിധ ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്,എം. ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. 17നാണ് ഹർജി വീണ്ടും പരിഗണിക്കുക.സമിതിയുടെ പ്രധാന ചുമതല വിവിധ സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഓക്സിജൻ അനുപാതവും അനുമതിയും ഏകോപിപ്പിക്കുക, ആവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക
എന്നിവയാണ്.ഭാവി മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിർദേശങ്ങൾക്കൊപ്പം 12 ചുമതലകളും ഉത്തരവിൽ സൂചിപ്പിക്കുന്നു.മേഖല- വിഷയാടിസ്ഥാനത്തിൽ ഉപസമിതികൾ രൂപീകരിക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഈ ഉത്തരവിനോട് പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, സ്വകാര്യ ആശുപത്രികളോടും കോടതി ആവശ്യപ്പെട്ടു.