മുല്ലപ്പെരിയാർ മേൽനോട്ടസമിതിക്ക് വിപുലമായ അധികാരങ്ങൾ നൽകി സുപ്രീംകോടതി. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തനസജ്ജം ആകുന്നതുവരെ എല്ലാ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുന്നതായി വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. ഡാമിൻ്റെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും, ദേശീയ സുരക്ഷ അതോറിറ്റി എത്രയും വേഗം പ്രവർത്തന സജ്ജമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു. അതുവരെ ഡാമിൻ്റെ പൂർണ മേൽനോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവിൽ പറയുന്നു. സമിതിയുടെ പ്രവർത്തനങ്ങളുമായി ഇരു സംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികൾ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.