
ചർമ്മത്തിൽ സ്പർശിക്കാത്ത പീഡനം പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമല്ലെന്ന ബോബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് യു യു ലളിത് (UU Lalit)അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് നിലനിർത്തി കൊണ്ടാണ് മുംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. വസ്ത്രത്തിന് മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് കുറ്റകരമെന്ന് സുപ്രീംകോടതി പറഞ്ഞു. ഏറ്റവും പ്രധാനം ലൈംഗിക ഉദ്ദേശമാണെന്ന് കോടതി നിരീക്ഷിച്ചു. മുംബൈ ഹൈക്കോടതി വിധിക്കെതിരെ അറ്റോർണി ജനറലും ദേശീയ വനിതാ കമ്മീഷനും മഹാരാഷ്ട്ര സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഈ വർഷം ആദ്യമാണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗനേദിവാല വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.