നുപുറിനെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. പുർ ശർമയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. വാദത്തിനിടെ, നുപുർ ശർമയ്ക്ക് വിവിധ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യമില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നുപുർ ശർമയെ വധിക്കാൻ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയതായി റിപ്പോർട്ടുകളുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റിൽ നിന്ന് നൽകിയ താൽക്കാലിക സംരക്ഷണം, ഭാവിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്കും ബാധകമാണെന്ന് വ്യക്തമാക്കി. നേരത്തെ ഹർജി പരിഗണിക്കവേ, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം നുപുർ ശർമയാണെന്ന് കോടതി പരാമർശിച്ചിരുന്നു. രാജ്യത്തോട് നുപുർ മാപ്പ് പറയണമെന്ന നിരീക്ഷണവും കോടതി നടത്തി. വിവാദ പരാമർശങ്ങളുടെ പേരിൽ 9 കേസുകളാണ് നുപൂർ ശർമയ്ക്കെതിരെയുള്ളത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ പരമാർശങ്ങൾക്ക് പിന്നാലെ നിരവധി ഭീഷണി കോളുകൾ ലഭിക്കുന്നതായും നുപുർ വ്യക്തമാക്കിയിട്ടുണ്ട്.