
ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരം അല്ല നടക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ച് ശ്രീവാരി ദാദയുടെ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. ക്ഷേത്രത്തിന്റെ ഭരണ നിര്‍വ്വഹണം ശരിയായ രീതിയിൽ നടക്കുന്നില്ല, ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നു തുടങ്ങിയവയാണ് പരാതികളെങ്കിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാൻ സാധിക്കും, കോടതി വ്യക്തമാക്കി. ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്തന് ഉള്ള സംശയങ്ങള്‍ നീക്കാന്‍ തിരുപ്പതി ദേവസ്വത്തിന് ബാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് അപ്പുറം ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് പ്രായോഗികമല്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.