Spread the love

യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.

ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 62ാമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി.

Leave a Reply