പത്തനംതിട്ട: ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അധ്യാപിക ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു. പത്തനംതിട്ട മൈലപ്ര സേക്രഡ് ഹാര്‍ട്ട് നഴ്‌സറി സ്‌കൂളിലെ പ്രിൻസിപ്പൽ വടശേരിക്കര കരിപ്പോണ്‍ പുത്തന്‍വീട്ടില്‍ സാറാമ്മ തോമസ് (മിനി 47)ആണ് മരിച്ചത്.
ക്ലാസ് എടുത്തു കൊണ്ടിരിക്കേ കുട്ടികള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സാറാമ്മ തോമസ്. തിങ്കളാഴ്ച രാവിലെ പത്തരയോടെ ആണ് സാറാമ്മ പഠിപ്പിക്കുന്നതിനിടയിൽ ക്ലാസ് മുറിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ക്ലാസിൽ വീണ അധ്യാപികയെ സഹപ്രവര്‍ത്തകര്‍ ആദ്യം ജനറല്‍ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.എന്നാൽ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്കൂളിലെ ഏറെ നാളത്തെ അധ്യാപന ജീവിതത്തിനിടയിൽ നിരവധി കുരുന്നുകൾക്ക് അറിവിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകുകയും തുടർ പഠനത്തിന് അടിസ്ഥാനം നൽകുകയും ചെയ്ത അധ്യാപികയുടെ പെട്ടെന്നുള്ള വിയോഗം പൂർവ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി. മണിയാര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ കെ.എ.തോമസ് ആണ് ഭര്‍ത്താവ്. മക്കള്‍: മാത്യു കെ. ടോം, ഇവാനിയോസ് തോമസ്. സംസ്‌കാരം പിന്നീട്.