കൊച്ചി : മഹാരാജാസ് കോളജിൽ ക്ലാസ് മുറിയിൽ അവഹേളിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കാഴ്ചാ പരിമിതിയുള്ള അധ്യാപകൻ ഡോക്ടർ പ്രിയേഷ്.
പരാതി കൊടുത്തതിനുശേഷമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ആരൊക്കെയാണെന്ന് അറിയുന്നത്. സംഘടനാ പ്രവർത്തകനായതിനാൽ മുഹമ്മദ് ഫാസിൽ ക്ലാസിൽ വൈകിയാണ് വരാറുള്ളത്, എന്നാൽ അനുവാദം ചോദിച്ചിട്ടു മാത്രമേ ഫാസിൽ ക്ലാസിൽ കയറാറുള്ളുവെന്നും അധ്യാപകൻ വിശദീകരിച്ചു. ഫാസിൽ ഉൾപ്പെടെ ഒരു വിദ്യാർഥിയുമായും തനിക്കു പ്രശ്നമില്ലെന്നും അധ്യാപകൻ പറഞ്ഞു.
വിദ്യാർഥിനി കസേര എടുത്തുമാറ്റിയെന്നത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും അധ്യാപകൻ പറഞ്ഞു. സഹായമായി വിദ്യാർഥിനി കസേര മാറ്റിത്തരികയാണ് ചെയ്തതെന്നും പരാതിയിൽ ആ കുട്ടിയുടെ പേരില്ലെന്നും അധ്യാപകൻ പറഞ്ഞു. ‘അറ്റൻഡൻസ് മാറ്റേർസ്’ എന്ന തലക്കെട്ടിലാണു വിഡിയോ ഉള്ളതെന്നും ഏതു തലത്തിലാണെങ്കിലും അത് അപകീർത്തികരമാണെന്നും അധ്യാപകൻ പറഞ്ഞു.
അതേസമയം കാഴ്ചാ പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ചിട്ടില്ലെന്നും നടന്നത് എന്താണന്നു വിശദീകരിച്ചും വിദ്യാർഥിയും കെഎസ്‍യു യൂണിറ്റ് വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഫാസില്‍ രംഗത്തെത്തി. ‘‘വൈകിയെത്തിയ താൻ അനുവാദം ചോദിച്ചു ക്ലാസിൽ കയറി. ആ സമയത്തു ക്ലാസ് കഴിഞ്ഞു അധ്യാപകൻ പോവാൻ തുടങ്ങുകയായിരുന്നു. താൻ കയറിവന്നതും വിദ്യാർഥികൾ ചിരിച്ചു. ജാള്യത മറയ്ക്കാൻ താനും ചിരിച്ചു. പ്രോജക്ടിന്റെ കാര്യം സംസാരിക്കാൻ അധ്യാപകന്റെ പുറകേ പോയി. സഹപാഠിയായ വിദ്യാർഥിനിയാണ് അധ്യാപകനെ ഡിപ്പാർട്ട്മെന്റിൽനിന്നു ക്ലാസിലേക്കും തിരിച്ചും എന്നും കൊണ്ടുപോവുന്നത്. അധ്യാപകന്റെ അടുത്തേക്ക് എത്താനാണു വിദ്യാർഥിനി കസേര മാറ്റിയത്. തുടർന്നു വിദ്യാർഥിനി അധ്യാപകന്റെ കയ്യും പിടിച്ച് പോയി, താനും പുറകേ പോയി’’ – മുഹമ്മദ് ഫാസിൽ പറഞ്ഞു.
കാഴ്‍ചാ പരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുക്കവേ വിദ്യാർഥികൾ അലസമായിരിക്കുകയും മുറിയിൽ കൂടി നടക്കുകയും ചെയ്യുന്ന വിഡിയോ ദ്യശ്യം ഇന്നലെയാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് അധ്യപകനെ അവഹേളിച്ചതിൽ മുഹമ്മദ് ഫാസിൽ ഉൾപ്പടെ ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നു.