Spread the love
ടെലിപ്രോംപ്ടര്‍ ഒഴിവാക്കി; കടലാസ് കുറിപ്പുകള്‍ മാത്രം ഉപയോഗിച്ച് മോദി

76-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ ടെലിപ്രോംപ്റ്റര്‍ ഉപേക്ഷിച്ച് കടലാസ് കുറിപ്പുകള്‍ മാത്രം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസംഗം ആരംഭിച്ചത് മുതല്‍ തന്നെ പ്രധാനമന്ത്രി ടെലിപ്രോംപ്ടര്‍ ഒഴിവാക്കിയിരുന്നു. ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ മനസില്‍ നിന്ന് വന്ന വാക്കുകളായിരുന്നു ജനങ്ങളിലേക്ക് എത്തിയത്. കടലാസ് കുറിപ്പുകളുടെ സഹായം ഇടയ്ക്ക് മാത്രം ഉപയോഗിച്ചു. പ്രധാനമന്ത്രിയായ ശേഷം ചെങ്കോട്ടയില്‍ മോദി നടത്തുന്ന ഒന്‍പതാമത്തെ പ്രസംഗമായിരുന്നു ഇന്നത്തേത്. 83 മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ പ്രസംഗത്തില്‍, സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ചും, നാരീശക്തി, അഴിമതി, കുടുംബവാഴ്ച എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചും പ്രധാനമന്ത്രി സംസാരിച്ചു.ഇനി വരാനുള്ള 25 വര്‍ഷം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന് അഞ്ച് ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കല്‍, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റല്‍ എന്നിവയാണ് 2047ല്‍ പൂര്‍ത്തീകരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങള്‍ (പാഞ്ച് പ്രാണ്‍) എന്ന് മോദി വ്യക്തമാക്കി . ജനുവരിയില്‍ ടെലിപ്രോംപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് മോദിയുടെ പ്രസംഗം പകുതിവച്ച് തടസ്സപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അന്ന് പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വീറ്റും ചെയ്തു:- ”ടെലിപ്രോംപ്റ്ററിന് പോലും ഇത്രയധികം നുണകള്‍ പറയാന്‍ കഴിയില്ല.’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Leave a Reply