മോഷണം നടത്തിയ വീട്ടിൽ കള്ളന്റെ ക്ഷമാപണക്കത്ത് വൈറലായി
പൊന്നാനി: മോഷണം നടത്തിയ വീട്ടിൽ കള്ളന്റെ ക്ഷമാപണക്കത്ത്. എടപ്പാളിനടുത്ത് കാളാച്ചാലിലെ ഒരു വീട്ടിലാണ് സംഭവം. കാളാച്ചാൽ സ്വദേശിയായ ശംസീറിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം പണയം വെച്ച് അലമാരയിൽ സൂക്ഷിച്ച 67,000 രൂപ മോഷണം പോയത്. പണമെടുത്ത കള്ളന്റെ വക രണ്ട് പേജിലായി വീട്ടിന് പുറത്ത് എഴുതിവെച്ച ക്ഷമാപണക്കത്താണ് വീട്ടുകാരെയും കേസന്വേഷണത്തിന് എത്തിയ പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കിയത്.
“വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ നിങ്ങളെയും നിങ്ങൾ എന്നെ യും അറിയും. ഞാൻ വീടിനടുത്തുള്ള ആളാണ്. കുറച്ച് സമയം തരണം വീട്ടിൽ തന്നെ കൊണ്ടുവച്ചോളാം. സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഞാൻ സുഖമില്ലാതെ കിടക്കുകയാണ്, എനിക്ക് മാപ്പ് തരണം. എന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. ശംസീറിന്റെ പരാതിയിൽ ചങ്ങരംകുളം എസ്.ഐമാരായ വിജയകുമാർ, ഖാലിദ്, സി. പി. ഒ. സുരേഷ് എന്നിവർ സ്‌ഥലത്തെത്തി അന്വേഷണം നടത്തി.