Spread the love
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം 24 അംഗ സംഘം ശിരസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തിക്കുന്നത്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ ഇക്കുറിയും ശിരസിലേറ്റുന്നത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള തന്നെയാണ്. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നത് കണക്കിലെടുത്ത് പന്തളം നഗരസഭയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ പ്രതിനിധി മൂലം നാൾ ശങ്കർവർമ്മയുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഭരണങ്ങൾ എഴുന്നള്ളിക്കും. 12 മണിയോടെ ആചാരപ്രകാരമുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മണിക്ക് തിരുവാഭരണപെട്ടി പുറത്തേക്ക് എടുത്ത് ഗുരുസ്വാമി ശിരസിലേറ്റും. പരമ്പരാഗത പാതയിലൂടെ കുളനട ഉള്ളന്നൂർ ആറന്മുള അയിരൂർ പുതിയകാവ് പെരുനാട് ളാഹ വഴി സഞ്ചരിച്ച് വെള്ളിയാഴ്ച കാനനപാതയിലൂടെ വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീട്ട് തിരുവാഭരണം ശബരിമലയിലെത്തിക്കും.

തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. കഴിഞ്ഞകൊല്ലം ഭക്തർക്ക് തിരവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ അവസരം ഉണ്ടായിരുന്നില്ല. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി. ഘോഷയാത്രക്ക് ഒപ്പമുള്ളവർ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദേശം നൽകിയെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ വ്യക്തമാക്കി. പൊലീസും ദേവസ്വം ബോർഡ് ജീവനക്കാർക്കും പുറമെ അഗ്നി ശമന സേന അംഗങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാരും ഘോഷയാത്ര സംഘത്തിനൊപ്പം ഉണ്ടാകും.

Leave a Reply