Spread the love

അമ്മയുമായി വേര്‍പിരിഞ്ഞ പുലിക്കുഞ്ഞ് തൃശൂരില്‍ സുഖംപ്രാപിച്ചു വരുന്നു. പാലക്കാട് ഉമ്മിനിയില്‍ നിന്ന് തൃശൂരില്‍ എത്തിച്ച പുലിക്കുഞ്ഞിനെ പരിപാലിക്കാന്‍ ഉറക്കമൊഴിച്ച് മൂന്നു ഡോക്ടര്‍മാര്‍ രാവുംപകലും ഡ്യൂട്ടിയിലുണ്ട്.

തൃശൂര്‍ അകലമ ഫോറസ്റ്റ് സ്റ്റേഷനില്‍ ഒരുക്കിയ പ്രത്യേക കേന്ദ്രത്തിലാണ് പുലിക്കുഞ്ഞിനെ പരിപാലിക്കുന്നത്. അമ്മയുടെ ചൂട് കിട്ടാത്തതിനു പകരം പ്രത്യേക ലൈറ്റിട്ട് ചൂട് നല്‍കി വരുന്നു. പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പുലിക്കുഞ്ഞ് കരഞ്ഞാല്‍ ഉടന്‍ പാല്‍ നല്‍കും. ഇതിനായി മൂന്നു പേരെ നിയോഗിച്ചിട്ടുണ്ട്. അത്, രാത്രിയായാലും പകലായാലും പുലിക്കുഞ്ഞ് കരയുമ്പോള്‍ പാല്‍ നല്‍കണം. മൂന്നു ദിവസമായി അമ്മയെ വേര്‍പിരിഞ്ഞു കഴിഞ്ഞതിന്റെ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമാണുള്ളത്. ഓരോ ദിവസവും കഴിയുംതോറും പുലിക്കുഞ്ഞ് സുഖംപ്രാപിച്ചു വരികയാണ്. പുലിക്കുട്ടിയെ കാണാന്‍ അനുമതി തേടി പ്രതിദിനം ഒട്ടേറെ ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകരെ പൂര്‍ണമായും നിയന്ത്രിച്ചു വരികയാണ്.

സംസ്ഥാനത്തെ ആദ്യത്തെ പോസ്റ്റ് ഓപ്പറേറ്റിവ് കെയര്‍ യൂണിറ്റാണ് അകമലയിലേത്. പരുക്കേറ്റ വന്യമൃഗങ്ങളെ പൂര്‍ണ ആരോഗ്യമെത്തുന്നതുവരെ ഇവിടെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം തിരികെ കാട്ടിലേയ്ക്കുതന്നെ എത്തിക്കാനാണ് ഈ യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആശയം മറ്റു ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യം.

Leave a Reply