ന്യൂഡൽഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പലതവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവായി.
അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്‍ കൈവശമുണ്ടെങ്കിലേ അതൊക്കെ നടക്കൂ.
പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായിടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവയും നല്‍കേണ്ടിവരും.കടലുണ്ടിലൈവ്. ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല.
പാന്‍ അസാധുവാണെന്ന് കണ്ടാല്‍ വകുപ്പ് 272 ബി പ്രകാരം അസസ്‌മെന്റ് ഉദ്യോഗസ്ഥന് 10,000 രൂപ വരെ പിഴയും ചുമത്താം.
ഇനിയെന്ത് ചെയ്യും..?
2023 മാര്‍ച്ച് 28ലെ വിജ്ഞാപനത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. 1000 രൂപ അടച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താലും ഉടനെ പാന്‍ പ്രവര്‍ത്തനക്ഷമമാവില്ല. 30 ദിവസമെങ്കിലും വേണ്ടിവരും. ഉദാഹരണത്തിന്, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂലായ് പത്തിന് അപേക്ഷിച്ചാല്‍ ഓഗസ്റ്റ് ഒമ്പതിനകമാണ് പാന്‍ പ്രവര്‍ത്തനക്ഷമമാകുക.
എങ്ങനെ പിഴയടക്കാം..?
ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പണമടച്ച് ആധാറുമായി പാന്‍ ലിങ്ക് ചെയ്യാം. ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ഇ-പേ ടാക്‌സ് വഴി പിഴ തുക അടയ്ക്കാം.