ലൊക്കേഷനും ലൈറ്റും കാരവാനും വാഹനങ്ങളും മേക്കപ്പ് ഹെയർ സ്റ്റൈലിങ്ങും ആധുനിക ഉപകരണങ്ങളുമൊക്കെയായി ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമ കാലമാണിത്. ഇന്ന് ഒരു സാധാരണ മലയാള പടത്തിന് പോലും ഒരു ദിവസത്തെ ഷൂട്ടിംഗ് തികയ്ക്കണമെങ്കിൽ 6 മുതൽ 10 ലക്ഷം വരെ വേണം. ഇതിനെല്ലാം മുൻപ് കാരവാൻ ഇല്ലാത്ത, പരസ്പരം സഹായിച്ചും സഹകരിച്ചും പോകുന്ന ഒരു കാലമുണ്ടായിരുന്നു. സൗഹൃദത്തിനും നല്ല സിനിമകളുടെ നിലനിൽപ്പിനും വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുന്ന ഒരു സിനിമാ കാലം. പോരായ്മകളും കുറ്റങ്ങളും എല്ലാം ഉണ്ടായിരുന്നെങ്കിലും ആ കാലത്തിന്റെ സിനിമാ നന്മകളിലേക്ക് ഓർമ്മകൾ ഓടിക്കുകയാണ് നടനും നിർമ്മാതാവും ആയ മണിയൻപിള്ള രാജു.
ഇത്തരത്തിൽ മോഹൻലാൽ -പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം നിർവഹിച്ച ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ എന്ന ചിത്രം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുള്ള ഒന്നാണ്. ജഗതി ശ്രീകുമാർ, ലിസി, മണിയൻപിള്ള രാജു, ശ്രീനിവാസൻ, ശങ്കർ തുടങ്ങിയ വലിയ താരനിര ഒന്നിച്ച ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാൽ അടക്കമുള്ള വലിയ താരങ്ങൾ പ്രതിഫലം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ഒരു ഇംഗ്ലീഷ് സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ച പടത്തിൽ താൻ, മോഹൻലാൽ, ശ്രീനിവാസൻ, ശങ്കർ തുടങ്ങിയ താരങ്ങൾ പ്രതിഫലം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നും അതുകൊണ്ടുതന്നെ അന്ന് വെറും രണ്ടര ലക്ഷത്തിൽ സിനിമയുടെ മൊത്തം ഷൂട്ടിംഗ് പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ കാലത്ത് ഒരു ദിവസത്തെ ഷൂട്ടിങ്ങിന് ചെലവ് തന്നെ ആറ് ലക്ഷം ആണെന്നും താരതമ്യപ്പെടുത്തിക്കൊണ്ട് മണിയൻ പറയുന്നു.