ശബരിമല : സ്വാമി അയ്യപ്പൻ റോഡിൽ ചരൽമേട് 13ാം വളവിൽ ട്രാക്ടർ മറിഞ്ഞു. ഡ്രൈവർ ഇക്ബാൽ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പമ്പയിൽനിന്നു ശർക്കര കയറ്റി സന്നിധാനത്തേക്കു പോയതാണ് ട്രാക്ടർ. 13ാം വളവിൽ എത്തിയപ്പോൾ സന്നിധാനത്തുനിന്ന് ആംബുലൻസ് ഇറങ്ങി വരുന്നതിന്റെ സൈറൺ കേട്ട് നിർത്തി. കുത്തനെയുള്ള ഇറക്കം ആയതിനാൽ ട്രാക്ടറിന്റെ മുൻഭാഗം ഉയർന്നുവരുന്നതു കണ്ട് ഡ്രൈവർ എടുത്തു ചാടി. അടുത്ത നിമിഷം ട്രാക്ടർ എതിർദിശയിലേക്ക് മറിഞ്ഞു.
ഈസമയം മല കയറുന്നതും ഇറങ്ങുന്നതുമായ തീർഥാടകർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. ഇതോടെ സ്വാമി അയ്യപ്പൻ റോഡ് വഴിയുള്ള യാത്ര നിർത്തിവച്ചു. മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധത്തിൽ റോഡിനു കുറുകെയാണ് ട്രാക്ടർ കിടക്കുന്നത്. ഇത് ഉയർത്താനുള്ള ശ്രമവും തുടങ്ങി.