തൃക്കാക്കരയില്‍ രണ്ടരവയസുകാരിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായാകം എന്ന ബന്ധുക്കളുടെ സംശയത്തെ തള്ളി ആന്റണി ടിജിന്‍. താന്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും കുട്ടി അപകടം തനിയെ വരുത്തി വെച്ചതാണെന്നും ആന്റണി ടിജിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കുടുംബത്തില്‍ താന്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചെന്ന വാദത്തെ ആന്റണി പൂര്‍ണമായും തള്ളി. താന്‍ ദൈവവിശ്വാസിയാണെന്നും കൂടോത്രത്തിലോ മന്ത്രവാദത്തിലോ വിശ്വസിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.
കുട്ടി ജനലിലേക്ക് കസേരയിട്ട് കയറി എടുത്ത് ചാടുന്നത് പതിവാണെന്നും ഇത്തരത്തില്‍ അപകടം സ്വയം വരുത്തി വെച്ചതാണെന്നുമാണ് ഇയള്‍ പറയുന്നത്. കാര്‍ട്ടൂണ്‍ കണ്ടാണ് കുട്ടി ഇങ്ങനെ ചീത്തയായി പോയതെന്നും ഇയാള്‍ പറയുന്നു. കുട്ടി ഹൈപ്പര്‍ ആക്ടീവ് അല്ലെന്ന് പറയുന്നവര്‍ കുട്ടിയോട് അടുത്ത് ഇടപെടാത്തവരാണ്. കൂടോത്രം എന്ന് സംശയിക്കുന്ന മുട്ട തനിക്ക് കിട്ടിയെന്ന് ബന്ധു പറഞ്ഞത് സത്യമാണ്. എന്നാല്‍ മുട്ട കുട്ടിയുടെ അച്ഛന്‍ തന്നെയാകും വച്ചതെന്ന് ഇതേ ബന്ധു തന്നെ പറഞ്ഞിരുന്നെന്നും ആന്റണി ടിജിന്‍ പറഞ്ഞു.
കുഞ്ഞിന്റെ കുടുംബത്തിന് അന്ധവിശ്വാസങ്ങളുള്ളതായി കുഞ്ഞിന്റെ അമ്മൂമ്മയുടെ സഹോദരി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ആന്റണി ടിജിനുമായി അടുത്തതിന് ശേഷമാണ് കുടുംബം അന്ധവിശ്വാസത്തിന് അടിപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. മുട്ടയില്‍ ആരോ കൂടോത്രം നടത്തിയിരുന്നു എന്നുള്‍പ്പെടെ കുഞ്ഞിന്റെ കുടുംബം വിശ്വസിച്ചിരുന്നതായി ബന്ധു പറഞ്ഞു. ആന്റണി ടിജിനാണ് ഈ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചത്. മുട്ടയുടേയും മറ്റും ചിത്രങ്ങള്‍ കുട്ടിയുടെ അമ്മ തനിക്ക് വാട്ട്‌സ്ആപ്പിലൂടെ അയച്ചതായി ബന്ധു കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും തരത്തിലുള്ള മന്ത്രവാദത്തിന്റെ ഭാഗമായിട്ടാകാം കുഞ്ഞിന് മര്‍ദ്ദനമേറ്റതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. ആന്റണി ടിജനെ കുട്ടിയുടെ അമ്മ എങ്ങനെ പരിചയപ്പെട്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാകാമെന്നാണ് ഇവര്‍ അനുമാനിക്കുന്നത്. കുഞ്ഞിന് ചികിത്സ വൈകിപ്പിച്ചതോടെ മന്ത്രിവാദത്തിന്റെ ഇടപെടല്‍ കൂടുതല്‍ സംശയിക്കുന്നുണ്ടെന്ന് ബന്ധു വ്യക്തമാക്കി. തെറ്റ് ചെയ്‌തെങ്കില്‍ കുഞ്ഞിന്റെ അമ്മ ശിക്ഷിക്കപ്പെടണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ തുടരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം ഉണ്ടാകാതിരിക്കാനും ഉള്ള മരുന്നുകള്‍ ആണ് ഇപ്പോള്‍ നല്‍കുന്നത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്റെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയുടെ സഹോദരി , സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.