ദുബായ്∙ ഐപിഎല്ലിനടക്കം ഒട്ടേറെ വിദേശ ടൂർണമെന്റുകള്‍ക്ക് സൗഹൃദവേദിയാകാറുള്ള യുഎഇ സ്വന്തമായി പ്രിമിയർ ലീഗ് സംഘടിപ്പിക്കുന്നു. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അവതരിപ്പിക്കുന്ന പ്രഥമ യുഎഇ പ്രിമിയർ ലീഗ് ട്വന്റി 20യുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു.
പ്രീമിയർ ലീഗ് നടത്തുന്നത് സംബന്ധിച്ച് സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അംഗീകാരം നൽകിയിട്ടുണ്ട്.അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ടൂർണമെന്റിൽ 6 ടീമുകൾ പങ്കെടുക്കും. ഏറ്റവും കൂടുതൽ രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെൻ്റായിരിക്കും ഇത്. പ്രശസ്ത താരങ്ങൾക്കൊപ്പം യുവ പ്രതിഭകൾക്കും അവസരം ലഭിക്കും.ഡോ.തായബ് കമാലിയാണ് സിലക്ഷൻ കമ്മിറ്റി ചെയർമാൻ.
പ്രഫഷനൽ ഫ്രാഞ്ചൈസി–സ്റ്റൈൽ ടൂർണമെന്റിനു സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രിയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അംഗീകാരം നൽകി. ടൂർണമെന്റിന്റെ ലോഗോയും ശ്രദ്ധേയമാണ്. ചതുർവർണച്ചിറകുള്ള ഫാൽക്കനാണ് ലോഗോ. ദുബായിൽ നടന്ന ചടങ്ങിൽ പിഎൽടി20 യുടെ ലോഗോ പ്രകാശനം ചെയ്തു. യുഎഇ ദേശീയ പതാകയുടെ ചതുർവർണ ചിറകുള്ള ഫാൽക്കനാണ് ലോഗോയുടെ പ്രധാന ആകർഷണം. ക്രിക്കറ്റിനെ സൂചിപ്പിക്കാൻ ബാറ്റേന്തിയ കളിക്കാരനും ബോളും നീല നിറത്തിൽ ഇതിന് മോടി കൂട്ടുന്നു. യുഎഇയുടെ സംസ്കാരവും കായികരംഗത്തിന്റെ ശക്തിയും വിളംബരം ചെയ്യുന്ന ലോഗോയാണ് പുറത്തിറക്കിയതെന്ന് പിഎൽടി 20 ചെയർമാൻ ഖാലിദ് അൽ സറൂനി പറഞ്ഞു.