വാക്സീൻ സമയപരിധി പാലിക്കണം; നിർദ്ദേശവുമായി കേന്ദ്രം.
ന്യൂഡൽഹി : കോവിഷീൽഡ്, കോവാക്സിനുകളുടെ രണ്ടാം ഡോസിന് അനുവദിച്ചിരിക്കുന്ന സമയപരിധി കഴിയാതെ നോക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് 3 കോടിയിലധികം ആളുകൾക്ക് രണ്ടാം ഡോസ് സമയത്തു കിട്ടാത്ത പ്രശ്നമുണ്ടെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. കോവിഷീൽഡിന് 12 മുതൽ 16 ആഴ്ച വരെ അനുവദിച്ചിട്ടുണ്ട്. 16 ആഴ്ചയ്ക്കു മുൻപു വാക്സീനെടുക്കണം. കോവാക്സിന്റെ കാര്യത്തിൽ 4 മുതൽ 8 ആഴ്ച വരെയാണ് സമയപരിധി. അതേസമയം, പല രാജ്യങ്ങളും ഓക്സ്ഫഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള ഇടവേള കുറച്ചിട്ടും ഇന്ത്യ ഇതിനു തയാറാകുന്നില്ലെന്ന ആരോപണമുണ്ട്. നേരത്തെ, യുകെ ഇടവേള നീട്ടിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയും രണ്ടാം ഡോസ് 12 – 16 ആഴ്ച കഴിഞ്ഞു മതിയെന്നു തീരുമാനിച്ചത്. എന്നാൽ, ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം ഭീഷണിയായതോടെ യുകെ ഇടവേള 8 ആഴ്ച ആക്കി. ഇന്ത്യയും ഈ മാറ്റം ആലോചിച്ചെങ്കിലും വാക്സീൻ ലഭ്യതക്കുറവാണ് തടസ്സമായതെന്നാണു വിവരം.പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നു കേന്ദ്രം വിശദീകരിക്കുമ്പോഴും ചില വിഭാഗങ്ങൾക്ക് ഇളവു നൽകിയിട്ടുണ്ട്. പ്രത്യേകിച്ചു വിദേശ ജോലിക്കു പേകേണ്ടവർക്കും കായിക താരങ്ങൾക്കും വിദ്യാർഥികൾക്കും. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാൽ ഇവർക്കു രണ്ടാം ഡോസ് നൽകാമെന്നതാണു കേന്ദ്ര തീരുമാനം. എന്നാൽ,കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസ് എടുക്കാൻ 84 ദിവസ ഇടവേള നിശ്ചയിച്ചിരിക്കുന്നതു ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 84 ദിവസം എന്ന നിയന്ത്രണം വാക്സീന്റെ ഫലപ്രാപ്തിയുമായാണോ ലഭ്യതയയുമായാണോ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അറിയിക്കാൻ കിറ്റെക്സ് നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയതല വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരമാണു 84 ദിവസമെന്ന ഇടവേള നിശ്ചയിച്ചതെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ നിർദേശിച്ചു. തൊഴിലാളികൾക്കു രണ്ടാമത്തെ ഡോസ് വാക്സീൻ നൽകുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണു കിറ്റെക്സ് ഹർജി നൽകിയത്. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.