തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു. തനിക്കു വേദനിക്കുന്നുണ്ടെന്ന് ഉമ തോമസ് ഡോക്ടറോടു പറഞ്ഞു. 25% മാത്രമാണു നിലവിൽ വെന്റിലേറ്റർ സഹായം. രണ്ടു ദിവസത്തിനുള്ളിൽ വെന്റിലേറ്റർ പൂർണമായി നീക്കാനാകുമെന്നാണു ഡോക്ടർമാരുടെ പ്രതീക്ഷ. ശ്വാസകോശത്തിനേറ്റ ചതവും ക്ഷതവും മൂലം പുറത്തു വെള്ളംകെട്ടുന്ന അവസ്ഥ (റിയാക്ടീവ് പ്ലൂറൽ എംഫ്യൂഷൻ) ഉണ്ടെന്ന് ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലുണ്ട്. ഇതിൽ വലിയ ആശങ്ക വേണ്ടെങ്കിലും കൃത്യമായ നിരീക്ഷണവും ചികിത്സയും വേണ്ടി വന്നേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നിയോഗിച്ച ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ കാർഡിയോ വാസ്കുലാർ, ന്യൂറോളജി, പൾമനോളജി വിഭാഗം വിദഗ്ധരുടെ സംഘം ഇന്നു റിനൈ മെഡിസിറ്റിയിലെത്തി ചികിത്സാസംഘവുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. ചികിത്സയിലും എംഎൽഎയുടെ ആരോഗ്യനിലയിലുണ്ടായ പുരോഗതിയിലും ഇവർ സംതൃപ്തി അറിയിച്ചതായി റിനൈ മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്തു പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ ആശുപത്രിയിലെത്തി ഡോക്ടർമാരോടു വിവരങ്ങൾ തേടി.