Spread the love

കിരൺ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലർ ചിത്രം ‘ക’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മൂന്ന് മണിക്ക് ഇരുട്ടാകുന്ന ഗ്രാമവും അവിടെ നടക്കുന്ന ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമാണ് ക പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സുജിത്ത്, സന്ദീപ് എന്നിവർ ചേർന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും.

ശ്രീചക്രാസ് എൻ്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രം ശ്രീമതി ചിന്താ വരലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ചിന്താ വിനീഷാ റെഡ്ഡി, ചിന്താ രാജശേഖർ റെഡ്ഡി എന്നിവരാണ് സഹനിർമ്മാതാക്കൾ. തെലുങ്ക് തിയറ്റർ അവകാശം നിർമ്മാതാവ് വംശി നന്ദിപതി വമ്പൻ തുകക്ക് സ്വന്തമാക്കിയപ്പോൾ മലയാളം പതിപ്പ് ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തിക്കുന്നത്. നയൻ സരിക, തൻവി റാം എന്നിവർ നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ ഒരു ​ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരൺ അബ്ബാവരം.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ‘വേൾഡ് ഓഫ് വാസുദേവ്’ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായ് പ്രദർശനത്തിനെത്തുന്ന ചിത്രം പക്കാ ആക്ഷൻ പാക്ക്ഡ് ത്രില്ലറായാണ് ഒരുങ്ങുന്നത്.

Leave a Reply