റെക്കോർഡ് ഭൂരിപക്ഷത്തിന് പുതുപ്പള്ളിക്കാർ തങ്ങളുടെ പുതിയ നായകനെ തിരഞ്ഞെടുത്തപ്പോൾ ബിജെപി ഞെട്ടി. എൽഡിഎഫിന്റെയും എൻഡിഎയുടെയും കണക്കുകൂട്ടലുകൾക്കു മുകളിലേക്ക് ഉയർന്ന വിജയം. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലുയർന്ന സഹതാപ തരംഗത്തിനൊപ്പം ഭരണവിരുദ്ധ വികാരം കൂടിയായപ്പോൾ പുതുപ്പള്ളി പൂർണമായും ചാണ്ടിക്കൊപ്പം നിന്നുവെന്നു വേണം മനസ്സിലാക്കാൻ. യുവാക്കളുടെയും വിശ്വാസികളുടെയും വോട്ടു തേടിയിറങ്ങിയ ബിജെപി നിഷ്പ്രഭമാകുന്ന സാഹചര്യമാണ് തിരഞ്ഞെടുപ്പു ഫലത്തോടെ വന്നുചേർന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഏറ്റ വലിയ പ്രഹരം കൂടിയാണ് പുതുപ്പള്ളിയിലേത്. ആകെ 6558 വോട്ടു മാത്രമാണ് ബിജെപിക്ക് നേടാനായത്. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ്. വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ. 1982 ലാണ് പുതുപ്പള്ളിയിൽ ബിജെപി ആദ്യമായി മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ അഞ്ച് ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചെങ്കിലും വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. 2014ൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയതിനുശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് അവർക്ക് വോട്ട് ശതമാനത്തിൽ വലിയ വർധന ഉണ്ടായത്. 2011ലെ 5.71 ശതമാനത്തിൽനിന്ന്, 2016ൽ 11.93 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ മണ്ഡലം പുനർനിർണയിച്ചതോടെ 2021ൽ വോട്ട് ശതമാനം 8.87 ആയി കുറഞ്ഞു. ഇത്തവണത്തെ കണക്കുകൾ കൂടി പുറത്തു വരുന്നതോടെ വോട്ടുചോർച്ചയ്ക്ക് ബിജെപി പ്രാദേശിക നേതൃത്വം മറുപടി പറയേണ്ടി വരും.യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് കൂടുതൽ സാധ്യത കൽപിച്ച തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് എൻഡിഎയും സജീവമായിരുന്നു. ജയത്തേക്കാൾ ഉപരി, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായാണ് എൻഡിഎ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. മണ്ഡലത്തിൽ വികസന രാഷ്ട്രീയമാണ് ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ പ്രധാന പ്രചാരണ വിഷയമാക്കിയത്. ഇരുമുന്നണികളെയും വിമർശിച്ചും കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ ഉയർത്തിക്കാണിച്ചുമാണ് ലിജിൻ ലാൽ മണ്ഡലത്തിൽ വോട്ടു തേടിയത്; ഒപ്പം ഇടതുപക്ഷത്തിന്റെ വിശ്വാസ വിരുദ്ധ നിലപാടും. എന്നാൽ പ്രചാരണായുധങ്ങളെല്ലാം പൂർണപരാജയമായെന്നതാണ് ഒടുവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച പ്രകടനം ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ജില്ലാ അധ്യക്ഷനെ സ്ഥാനാർഥിയാക്കിയത്. ലിജിൻ ലാലിന്റെയും അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപിന്റെയും പേരുകളാണു സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നത്. വനിതാ സ്ഥാനാർഥി വേണമെന്ന ചർച്ച വന്നതോടെയാണു മഞ്ജുവിന്റെ പേരു പരിഗണിച്ചത്. ഒടുവിൽ, ശക്തമായ മത്സരം നടത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം വന്നതോടെയാണ് ജില്ലാ പ്രസിഡന്റ് തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലെത്തിയത്.
ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിന് എത്തുകയും ചെയ്തു. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ മുൻനിർത്തിയും അവർ വോട്ടുതേടി. മോദി സർക്കാരിന്റെ കിസാൻ സമ്മാൻ നിധിയടക്കം ബിജെപി ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിലെ ഘടകകക്ഷികൾ തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെയെന്നും ബിജെപി ആരോപിച്ചു. മാധ്യമങ്ങൾക്കുമുന്നിൽ വിജയമുറപ്പാണെന്ന് പറയുമ്പോഴും പുതുപ്പള്ളിയിൽ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമില്ലെന്ന യാഥാർഥ്യം അവർക്ക് അറിയാമായിരുന്നു.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 20,911 വോട്ട് നേടാനായതാണ് ബിജെപിയുടെ മികച്ച പ്രകടനം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന അഡ്വ. ജോർജ് കുര്യൻ 15,933 വോട്ടാണ് നേടിയത്. എന്നാൽ 2021 ൽ 11,694 വോട്ട് മാത്രമേ ബിജെപിക്ക് നേടാനായുള്ളൂ. അതായത് 8.87 ശതമാനം വോട്ട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പനച്ചിക്കാട്, പള്ളിക്കത്തോട് പഞ്ചായത്തുകൾ മണ്ഡല പുനർനിർണയത്തിൽ വേറിട്ടു പോയതോടെ ബിജെപിക്ക് നേരത്തേ മണ്ഡലത്തിൽ ഉണ്ടായിരുന്ന വോട്ടുകൾ കുറയുകയായിരുന്നു. എന്നിരുന്നാലും ഇത്തവണ വോട്ടുനില കൂട്ടാനാകുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എൻഎസ്എസ്, എസ്എൻഡിപി ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾക്ക് മണ്ഡലത്തിൽ സ്വാധീനമുണ്ടെന്നത് ആ വിശ്വാസത്തിനു കരുത്തു പകർന്നു. ഈ വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിൽ എത്തിക്കുക എന്നത് പ്രചാരണ സമയത്ത് ബിജെപിയുടെ പ്രധാന ലക്ഷ്യമായിരുന്നു.
ഇത്തവണ പോളിങ് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപിയും. അങ്ങനെയെങ്കിൽ തങ്ങൾക്ക് കൂടുതൽ വോട്ടുകൾ നേടാമെന്ന പ്രതീക്ഷ മുന്നണിക്ക് ഉണ്ടായിരുന്നു. ആകെ 72.86 ശതമാനം പോളിങ്ങാണ് ഇത്തവണ പുതുപ്പളളിയിൽ രേഖപ്പെടുത്തിയത്. 2021ലെ തിരഞ്ഞെടുപ്പിനേക്കാൾ 1.98 ശതമാനം കുറവാണ് ഇത്. പോളിങ്ങിൽ നേരിയ കുറവുണ്ടായതോടെ, 2021ൽ ലഭിച്ച വോട്ടുകൾ കൂടി നഷ്ടമാകുമെന്ന ആശങ്ക സത്യമായി. എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകിയ സൂചനകളും ശുഭകരമായിരുന്നില്ല. എന്നിരുന്നാലും 10,000 ത്തിൽ കുറയാത്ത വോട്ടുകൾ നേടാമെന്ന കണക്കു കൂട്ടലിലായിരുന്നു ബിജെപി വൃത്തങ്ങൾ. എന്നാൽ, വോട്ട് ഷെയറിൽ വലിയ ഇടിവു വന്നതോടെ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനായി പുതുതന്ത്രങ്ങൾ കണ്ടെത്തണമെന്ന തിരിച്ചറിവാണ് പുതുപ്പള്ളി എൻഡിഎയ്ക്ക് നൽകുന്നത്.