തിരുവനന്തപുരം ∙ ഇത്തവണ ജൂൺ – സെപ്റ്റംബർ സീസണിൽ കേരളത്തിൽ പതിവിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്നു മുതൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. 29 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മറ്റന്നാളും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5– 115.5 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ദാമിനി (Damini)’ മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. കാറ്റിനെ നേരിടാനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭിക്കും. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ https://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യും.