Spread the love
ചാറ്റൽമഴയിൽ ചക്രം തെന്നി; ട്രെയിൻ നിർത്തിയിട്ടു

പെരിന്തൽമണ്ണ: ചാറ്റൽ മഴയിൽ ചക്രങ്ങൾ തെന്നുന്നതിനെത്തുടർന്ന് ഷൊർണൂർ–നിലമ്പൂർ പാതയിൽ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടു. ഇന്നലെ രാവിലെ ചെറുകരയിലാണ് അര മണിക്കൂറോളം ട്രെയിൻ ‍നിർത്തിയിട്ടത്. ഇതോടെ ചെറുകര റെയിൽവേ ഗേറ്റ് അടച്ചിട്ടതിനാൽ പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

പാലക്കാട്–നിലമ്പൂർ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ 7.40ന് ആണ് ചെറുകര റെയിൽവേ സ്‌റ്റേഷനിലെത്തിയത്. അവിടെനിന്നു പുറപ്പെട്ട് ഏതാനും മീറ്റർ യാത്ര ചെയ്തപ്പോഴേക്കും വീൽ സ്ലിപ്പിങ് മൂലം മുന്നോട്ടു പോകാനായില്ല. പ്രശ്‌നം പരിഹരിച്ച് 8.10 ഓടെയാണ് യാത്ര പുനരാരംഭിച്ചത്. അടഞ്ഞു കിടന്ന ചെറുകര ഗേറ്റിന്റെ ഇരുവശത്തും ഇതോടെ വലിയ വാഹനക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് ഉച്ചവരെയുള്ള മറ്റു ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തിയത്.

ചാറ്റൽ മഴയുള്ളപ്പോഴാണ് വീൽ സ്ലിപ്പിങ് സംഭവിക്കാറുള്ളത്. പാതയിൽ ചെറുകര, പട്ടിക്കാട്, മേലാറ്റൂർ ഭാഗങ്ങളിൽ ഇടയ്‌ക്ക് ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

വീൽ സ്ലിപ്പിങ് ചക്രവും പാളവും തേയുമ്പോൾ:

റെയിൽപാളത്തിലെ തേയ്‌മാനം മൂലം പാളം മിനുസക്കൂടുതലുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ട്രെയിനിന്റെ ചക്രങ്ങളും പാളവും ഒരേപോലെ മിനുസപ്പെടുന്നതു മൂലം ചക്രങ്ങൾ മുന്നോട്ടു ചലിക്കാതെ ഒരിടത്തുതന്നെ കിടന്ന് കറങ്ങും. ചക്രങ്ങൾക്ക് സമീപമുള്ള ടാങ്കിൽ സൂക്ഷിക്കുന്ന മണൽ പാളത്തിൽ വിതറിയാണ് പിന്നീട് മുന്നോട്ടെടുക്കുക. ചാറ്റൽ മഴയുള്ളപ്പോഴാണ് ഇങ്ങനെ ഉണ്ടാവുക. ചെറിയ കയറ്റങ്ങളിൽ പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്.

Leave a Reply