പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ കടുത്ത നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തു. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങിലാണ് മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തത്. വനിതാകമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങില്‍ 36 പരാതികള്‍ പരിഗണിച്ചു. 12 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറി. വാഴയൂര്‍ പഞ്ചായത്ത് ജാഗ്രതാ സമിതിക്ക് വിട്ട ഒരു പരാതിയില്‍ രണ്ട് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. സിറ്റിങില്‍ പരിഗണിച്ച പരാതികളില്‍ അധികവും സ്ത്രീ പീഡനവും ഭര്‍തൃ പീഡനങ്ങളും ആയിരുന്നു. ഇത്തരം കേസുകളില്‍ മിക്കതും എതിര്‍ ഭാഗം സ്ഥലത്തില്ലാത്തതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കമ്മീഷന്‍ ഓര്‍മപ്പെടുത്തി.