
തിരുവനന്തപുരം∙ തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘മരപ്പട്ടി ഇവിടെയും ഉണ്ട്. പുലർച്ചെ നാലുമണിയോടെ ഞാനും മരപ്പട്ടി ശല്യംകാരണം എഴുന്നേറ്റു. ഒന്നിലധികം മരപ്പട്ടിയുണ്ട്’’–വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് അറിയിച്ചു .
ഐഎഎസുകാരുടെ ക്വാർട്ടേഴ്സ് നിർമാണ പദ്ധതിക്ക് തുടക്കം കുറിക്കേ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ മരപ്പട്ടി ശല്യത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മരപ്പട്ടി ശല്യം കാരണം വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വയ്ക്കാനോ വെള്ളം തുറന്നു വയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി മന്ദിരങ്ങളുടെ പഴക്കം കാരണമാണു മരപ്പട്ടിയും കീരിയും എലിയുമെല്ലാം വരുന്നത്. രാജ്ഭവനിലെ മരപ്പട്ടി ശല്യം കാരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറച്ചുകാലം മാറി താമസിച്ചിരുന്നു.