ഖത്തർ: ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ പന്തുരുളുന്നു. ആഗസ്റ്റ് 11ന് ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബും അൽ റയാനും തമ്മിലാണ് സ്റ്റേഡിയത്തിലെ ആദ്യ മത്സരം നടക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല.
ലോകകപ്പ് ഫൈനൽ മത്സരത്തിനായി നിർമിച്ച അതി മനോഹര വേദിയാണ് ലുസൈൽ ഐക്കൊണിക് സ്റ്റേഡിയം. പരമ്പരാഗത അറബ് പാനപാത്രത്തിൽ ഫനാർ റാന്തലിന്റെ വെളിച്ചവും നിഴലും വീഴുന്നതാണ് സ്റ്റേഡിയത്തിന്റെ ഡിസൈൻ. 80,000 പേർക്ക് കളിയാസ്വദിക്കാവുന്ന ലുസൈൽ, പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയവുമാണ്.
ലോകകപ്പിനൊരുക്കിയ 8 സ്റ്റേഡിയങ്ങളിൽ ഉദ്ഘാടനം ചെയ്യാത്ത ഏക വേദി കൂടിയാണിത്. ആഗസ്റ്റ് 11ന് ഖത്തർ സ്റ്റാർസ് ലീഗിൽ അൽ അറബി അൽ റയാൻ മത്സരം ഇവിടെ നടക്കുമെന്നാണ് അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനലിന് പുറമെ ബ്രസീലിന്റെയും അർജന്റീനയുടെയും ആദ്യ മത്സരം നടക്കുന്ന വേദി കൂടിയാണ് ലുസൈൽ. എജ്യുക്കേഷൻ സിറ്റി, അൽ തുമാമ, അൽ ജനൂബ്, അഹ്മദ് ബിൻ അലി, ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയം സ്റ്റാർസ് ലീഗ് മത്സരങ്ങൾ നടക്കുന്നുണ്ട്.