ജെനീവ: മങ്കിപോക്‌സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ്-19 ആഗോള പകർച്ചവ്യാധിയായതിന് പിന്നാലെ അധികം വൈകാതെയാണ് മങ്കിപോക്‌സും സമാനരീതിയിൽ അപകടകരമാകുന്നത്. 72ഓളം രാജ്യങ്ങളിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കാനുള്ള തീരുമാനമുണ്ടായതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. രോഗികളിൽ 70 ശതമാനം ആളുകളും യൂറോപ്യൻ രാജ്യങ്ങളിലാണുള്ളത്. 16,000 മങ്കിപോക്‌സ് കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിന് വേണ്ട മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതിനാലാണ് പ്രഖ്യാപനമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെദ്രോസ് അഥനോം വ്യക്തമാക്കി. ഇനിയുമേറെ രാജ്യങ്ങളിലേക്ക് രോഗം പടർന്ന് പിടിക്കാനും പല രാജ്യങ്ങളിലും ഗുരുതരമായ വ്യാപനം സംഭവിക്കാനുമുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ ഇതുവരെ മൂന്ന് പേർക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് രോഗികളും കേരളത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കൊല്ലം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് രോഗികൾ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.