
ജൂലൈ 18 ലോകമെമ്പാടുമുള്ള വിമോചന സ്വപ്‌നങ്ങള്‍ക്ക് കരുത്തേകിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം. സാമൂഹിക നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ 67 വര്‍ഷം നീണ്ട പോരാട്ടം ഓര്‍മിപ്പിച്ച് ’67 മിനിറ്റ് മണ്ടേല ദിനം’ എന്നും ജൂലൈ 18 അറിയപ്പെടുന്നു. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്ര പിതാവാണ് നെല്‍സണ്‍ മണ്ടേല. രാജ്യത്തിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യ തലവന്‍. മണ്ടേലയുടെ വംശക്കാര്‍ പ്രായത്തില്‍ മുതിര്‍ന്നവരെ ബഹുമാനസൂചകമായി സംബോധന ചെയ്യുന്ന മാഡിബ എന്ന പേര് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കക്കാര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയാണ് മണ്ടേല രാഷ്ട്രീയത്തിലേക്കെത്തിയത്. പാര്‍ട്ടിയുടെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു മണ്ടേല.
1993-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം പങ്കിട്ടു. ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി 1990ല്‍ ഇന്ത്യ മണ്ടേലയെ ആദരിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയും നോബല്‍ സമ്മാനം ലഭിക്കുന്നതിനു മുമ്പ് ഭാരതരത്‌നം ലഭിച്ച ഏക വിദേശിയുമായിരുന്നു അദ്ദേഹം. 2013 ഡിസംബര്‍ 5ന് 95കാരനായ നെല്‍സണ്‍ മണ്ടേല അന്തരിച്ചു. ജോഹന്നാസ് ബര്‍ഗിലെ സ്വവസതിയിലായിരുന്നു അന്ത്യം. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന ജേക്കബ് സുമയാണ് ദേശീയ ടെലിവിഷനിലൂടെ മണ്ടേലയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.