
ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പ് നൽകി ലോകബാങ്ക്. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വളത്തിനും വില വർധിക്കുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്നാണ് ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസിന്റെ വിലയിരുത്തൽ.
ചൈനയിൽ കൊവിഡിനെത്തുടർന്ന് തുടരുന്ന ലോക്ക്ഡൗൺ സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാൽപാസ് പറഞ്ഞു. ലോകബാങ്ക് ഈ വർഷത്തെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം കഴിഞ്ഞ മാസം 3.2 ശതമാനമായി കുറച്ചിരുന്നു.
യൂറോപ്പിൽ ജർമ്മനി ഉൾപ്പെടെ പലഭാഗങ്ങളിലും ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും ഇന്ധനത്തിന് വില ഉയരുന്നത് സമ്മർദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊർജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്നും ലോകബാങ്ക് വിലയിരുത്തൽ നടത്തി.
ലോകബാങ്കിന് മുന്നിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ ലോക്ക്ഡൗണുകൾ മാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. റഷ്യയെ ഇന്ധനത്തിനായി പൂർണമായും ആശ്രയിച്ച യൂറോപ്പ്, അധിനിവേശവും അതേത്തുടർന്നുള്ള ഉപരോധവും മൂലം സമ്മർദത്തിലാണെന്നും ഡേവിഡ് മാൽപാസ് കൂട്ടിച്ചേർത്തു.