Spread the love

ലോകം ഇനി ഒരു കുടക്കീഴിൽ;ദുബായ് എക്സ്പോ 2020-ന് വർണോജ്വലമായ തുടക്കം.

ദുബായ്: ലോകത്തിന്റെ മനസ്സ് നിറയ്ക്കുന്ന വിസ്മയക്കാഴ്ചകളുമായി ലോക എക്സ്പോ 2020-ന് ദുബായിൽ തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ വേദിയിലാണ് ഔദ്യോഗികമായി മേളയ്ക്ക് തുടക്കമായത്.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. സഹിഷ്ണുതാമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മരുഭൂമിയിലെ മനോഹര നഗരിയുടെ ഹൃദയഭാഗത്ത് ഒളിമ്പിക്സിന് സമാനമായ ഉദ്ഘാടനച്ചടങ്ങുകളാണ് അരങ്ങേറിയത്.
മൂന്നുഭാഗങ്ങളായി വേർതിരിച്ച് ഏതാണ്ട് 90 മിനിറ്റായിരുന്നു ചടങ്ങ്. യു.എ.ഇ. ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു.മേളയിൽ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. തുടർന്ന് എക്സ്പോയ്ക്ക് മേൽനോട്ടംവഹിക്കുന്ന ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സിബിഷന്റെ (ബി.ഐ.ഇ.) സെക്രട്ടറിജനറൽ ദിമിത്രി കെർകെന്റസ് വേദിയിലെത്തി എക്സ്പോ 2020-ന് ആതിഥേയത്വം വഹിക്കാൻ യു.എ.ഇ. എങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശദീകരിച്ചു.ഓസ്കാർ ജേതാവ് എ.ആർ. റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു.എ.ഇ. പതാകയും ബി.ഐ.ഇ. പതാകയും വേദിയിൽ ഉയർന്നു. എല്ലാരാജ്യങ്ങളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി.
ലോകത്തെ എല്ലാ കണ്ണുകളും ഇനി യു.എ.ഇ.യിലേക്ക്. എല്ലാ റോഡുകളും എക്സ്പോ വേദിയിലേക്ക്. അടുത്ത ആറ് മാസം ലോകത്തെ നയിക്കുന്നതും യു.എ.ഇ. തന്നെ. കാരണം ഇത് നമ്മുടെ മാത്രം സമയമാണ്. മഹത്തായ കാഴ്ചകൾ കാണാനുള്ള സമയമാണ്. വ്യാഴാഴ്ച രാത്രി തുടങ്ങിയ വർണാഭമായ കാഴ്ചകൾ ആറുമാസം മനുഷ്യമനസ്സുകളിൽ നിറങ്ങൾ നിറയ്ക്കും. വ്യവസായ വാണിജ്യ പരിപാടികൾക്കൊപ്പം സംഗീതം, നൃത്തം, നാടകം എന്നിവയെല്ലാം ലോകത്തെ ദുബായിലേക്ക് നയിക്കും. എക്സ്പോവേദി സജീവമാകും.
ദുബായുടെ ഹൃദയഭാഗത്ത് ആളും ആരവവും നിറയും. യു.എ.ഇ.യുടെ ചരിത്രവും ഭാവിയും ലോകമറിയും.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹിഷ്ണുതയുടെ നാട്ടിലേക്ക് ലോകത്തെ മുഴുവൻ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സമ്മേളനം ആരംഭിക്കുകയായി എന്ന് അദ്ദേഹം കുറിച്ചു. 192 രാജ്യങ്ങളുടെ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്നും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും 10 വർഷത്തെ യാത്ര, ലോകത്തിലെ ഏറ്റവും വലിയ പരിപാടി, യു.എ.ഇ.യിലെ ആഗോള ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്ന യാത്രയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒട്ടേറെ വിസ്മയക്കാഴ്ചകളാണ് എക്സ്പോ 2020 ദുബായിൽ ലോകത്തിന് മുന്നിൽ എത്തുക. 2015-ൽ മിലാൻ എക്സ്പോയിൽ സോളാർ ട്രീ ആയിരുന്നു കാഴ്ചകളിൽ പ്രധാനിയെങ്കിൽ എക്സ്പോ 2020 -ൽ അതിലേറെ അദ്ഭുതകരമായ കാഴ്ചകൾ കാണാം.
നിർമിതബുദ്ധി തന്നെയായിരിക്കും പ്രധാന ആകർഷണം. സംസാരവൈകല്യങ്ങൾ ഉള്ളവരെ സഹായിക്കാനായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഉപകരണം പ്രത്യേക ശ്രദ്ധയാകർഷിക്കും. മരുഭൂമിയിലെ കൃഷിരീതികൾ, സൗരോർജ റഫ്രിജറേറ്റർ, പ്ലാസ്റ്റിക് നിർമാർജനം എങ്ങനെ സ്മാർട്ടാക്കാം എന്നിങ്ങനെ വ്യത്യസ്തമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. എന്നാൽ എന്തെല്ലാം ഒരുക്കിയിരിക്കുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Leave a Reply