Spread the love
കംബോഡിയയിൽ പിടിച്ച ഭീമൻ തിരണ്ടി ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം

നോം പെൻ: ലോകത്തിൽ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിലെ മെകോങ് നദിയിൽ നിന്ന് പിടിച്ചു. ജൂൺ 13ന് പിടികൂടിയ സ്റ്റിങ് റേയാണ് (അടവാലൻ തിരണ്ടി) ഏറ്റവും വലിയ ശുദ്ധജല മത്സ്യമായി കരുതുന്നത്.

മൂക്ക് മുതൽ വാൽ വരെ ഏകദേശം 13 അടി നീളവും 300 കിലോഗ്രാം ഭാരവും തിരണ്ടിക്കുള്ളതായി കംബോഡിയൻ-യു.എസ് സംയുക്ത ഗവേഷണ പദ്ധതിയായ വണ്ടേഴ്‌സ് ഓഫ് ദി മെകോങ് പ്രസ്താവനയിൽ പറഞ്ഞു. 2005ൽ തായ്‌ലൻഡിൽ കണ്ടെത്തിയ 293 കിലോഗ്രാം മെക്കോങ് ജയന്‍റ് ക്യാറ്റ്ഫിഷ് ആയിരുന്നു ശുദ്ധജല മത്സ്യങ്ങളിലെ മുമ്പത്തെ റെക്കോർഡിനുടമ.

വടക്കുകിഴക്കൻ കംബോഡിയയിലെ സ്റ്റംഗ് ട്രെങിന് തെക്ക് പ്രദേശത്തെ ഒരു മത്സ്യത്തൊഴിലാളിയാണ് കൂറ്റൻ സ്റ്റിങ് റേയെ പിടികൂടിയത്. സംഭവം അറിഞ്ഞതോടെ വണ്ടേഴ്‌സ് ഓഫ് ദി മെകോങ് പ്രോജക്റ്റിലെ ശാസ്ത്രജ്ഞരും സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളിക്ക് ഏകദേശം 600 ഡോളർ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്.

ചൈന, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലൂടെയാണ് മെകോങ് നദി ഒഴുകുന്നത്. ഭീമാകാരൻമായ നിരവധി ശുദ്ധജല മത്സ്യങ്ങൾ ഇവിടെയുണ്ട്. എന്നാൽ, പാരിസ്ഥിതിക പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപ വർഷങ്ങളിൽ ആരംഭിക്കാനിരിക്കുന്ന ഡാം നിർമാണം മത്സ്യങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Leave a Reply