ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ലയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ഗൊറില്ലയുമായ ഓസിയെ ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയതായി അറ്റ്ലാന്റയിലെ മൃഗശാല അറിയിച്ചു. ഓസിക്ക് 61 വയസ്സായിരുന്നു. വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയ്ക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഗൊറില്ലകൾക്ക് ചുമയും മൂക്കൊലിപ്പും വിശപ്പിൽ വ്യതിയാനവും ഉള്ളതായി ജീവനക്കാർ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോർജിയ യൂണിവേഴ്‌സിറ്റിയിലെ ഒരു വെറ്ററിനറി ലാബ് ശ്വാസകോശ സംബന്ധമായ അസുഖത്തിന് പരിശോധനകൾ നടത്തിയിരുന്നു. കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നു. പിന്നീട് ഓസി നെഗസ്റ്റീവ് റിപ്പോര്‍ട്ടും നേടിയിരുന്നു. 40 വയസ്സ് കഴിഞ്ഞാൽ ഗൊറില്ലകളെ വയോജനമായി കണക്കാക്കുന്നു.
മരണകാരണം ഔദ്യോഗികമായി അറിവായിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങളിൽ വിശപ്പ് കുറയുക, മുഖത്തെ വീക്കം, ബലഹീനത തുടങ്ങിയ ലക്ഷണങ്ങൾ ഓസിക്ക് അനുഭവപ്പെട്ടിരുന്നു. ജോർജിയ യൂണിവേഴ്‌സിറ്റിയിലെ വെറ്റിനറി മെഡിസിൻ പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ സൂ അറ്റ്‌ലാന്റ, പൊതുജനങ്ങളുമായി പങ്കിടുന്ന ഒരു നെക്രോപ്സി നടത്തുമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
“ഇത് മൃഗശാല അറ്റ്ലാന്റയ്ക്ക് തീരാ നഷ്ടമാണ്. ഈ സമയം എന്നെങ്കിലും വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടതിൽ ഞങ്ങൾക്ക് അനുഭവപ്പെടുന്ന അഗാധമായ സങ്കടത്തെ തടയാൻ ആ അനിവാര്യത ഒന്നും ചെയ്യുന്നില്ല,” മൃഗശാലയുടെ പ്രസിഡന്റും സിഇഒയുമായ റെയ്മണ്ട് ബി. കിംഗ് പറഞ്ഞു. 1988-ൽ ഫോർഡ് ആഫ്രിക്കൻ റെയിൻ ഫോറസ്റ്റ് തുറന്നപ്പോള്‍ അറ്റ്‌ലാന്‍റ മൃഗശാലയിൽ എത്തിയ പടിഞ്ഞാറൻ ലോലാൻഡ് ഗൊറില്ലകളുടെ യഥാർത്ഥ ഗ്രൂപ്പിലെ അവശേഷിക്കുന്ന ഏക അംഗമായിരുന്നു ഓസി.
സ്വമേധയാ രക്തസമ്മർദ്ദം പരിശോധിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗൊറില്ലയായിരുന്നു ഓസി. 2009-ലാണ് ഓസി തന്‍റെ രക്തസമ്മർദ്ദം പരിശോധിച്ച് സുവോളജിക്കൽ ചരിത്രം സൃഷ്ടിച്ചത്. ഓസിക്ക് നാല് മക്കളാണ് ഉള്ളത് കെക്ല, സ്റ്റാഡി, ചാർലി, കുച്ചി. അന്‍റ്ലാന്‍റയിലടക്കം നിരവധി മൃഗശാലകളില്‍ ഓസിയുടെ മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി നിരവധി ഗൊറില്ലകള്‍ ജീവിക്കുന്നുണ്ട്.