മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യെമന്‍ എംബസി. നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പബ്ലിക് ഓഫ് യെമന്റെ ഇന്ത്യയിലെ എംബസി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ്. കേസ് കൈകാര്യംചെയ്തതും ഹൂതികളാണ്. അതേസമയം, യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ ചെയര്‍മാനായ ഡോ. റാഷിദ് അല്‍- അലിമി ഇതുവരെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയയ്ക്ക് യെമനില്‍ വധശിക്ഷ വിധിച്ചത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2020-ല്‍ കേസില്‍ സനായിലെ വിചാരണ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. 2023-ല്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ അപ്പീല്‍ തള്ളി. എന്നാല്‍, ദിയാധനം നല്‍കി ശിക്ഷയില്‍നിന്ന് ഇളവ് നേടാനുള്ള അവസരം നല്‍കി. ഇതിനുപിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് വധശിക്ഷയ്ക്ക് പ്രസിഡന്റ് അനുമതി നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാന്‍ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു.