നെന്മാറ/പാലക്കാട്: കാമുകിയെ ആരും കാണാതെ യുവാവ് സ്വന്തം വീട്ടില്‍ സംരക്ഷിച്ചത് പത്തുവര്‍ഷം. അയിലൂര്‍ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്‌മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ ഇത്രയും കാലം ഒളിപ്പിച്ചത്.
സംഭവങ്ങളുടെ തുടക്കം 2010 ഫെബ്രുവരിയാണ്. 24കാരനായ റഹ്‌മാന്‍ 18കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഇരുവര്‍ക്കും ഉറപ്പായിരുന്നു. തുടര്‍ന്ന് സജിത ആരോടും പറയാതെ വീടുവിട്ടിറങ്ങി റഹ്‌മാന്റെയടുത്തെത്തി
റഹ്‌മാന്‍ ആരുമറിയാതെ സജിതയെ വീട്ടില്‍ കയറ്റി. ചെറിയ വീട്ടീല്‍ ശൗചാലയം പോലുമില്ലാത്ത മുറിയിലാണ് റഹ്‌മാന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പോലുമറിയാതെ യുവതി ഇത്രയും കാലം താമസിച്ചത്. യുവാവ് പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. ഇതുവഴി ഭക്ഷണമെത്തിക്കും. രാത്രി ആരുമറിയാതെ പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റഹ്‌മാനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും പൊലീസിന് തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ഇലക്ട്രീഷ്യനായ റഹ്‌മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. ലോക്ക് ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്‌മാനെ കണ്ടു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്‌മാനെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് ഇയാളോടൊപ്പം സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്‌മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു. സംഭവം കേട്ട് ഇരുവരുടെയും കുടുംബക്കാരും നാട്ടുകാരും അവിശ്വസനീയമായ കഥ കേട്ട് അമ്പരന്നിരിക്കുകയാണ്.