Spread the love
24 മണിക്കൂറിനിടെ പത്തു ഡോസ് കോവിഡ് വാക്‌സിനെടുത്ത് യുവാവ്

ആരോഗ്യം: 24 മണിക്കൂറിനിടെ പത്തു ഡോസ് കോവിഡ് വാക്‌സിനെടുത്ത് യുവാവ്. പത്തിടങ്ങളിൽ ചെന്ന് പണം കൊടുത്താണ് യുവാവ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്. അത്യധികം അപകടകരമായ രീതിയിൽ ഡോസുകൾ സ്വീകരിച്ചത് ന്യൂസിലാൻഡ് പൗരനാണ്. സംഭവത്തിൽ ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. പലരും കോവിഡ് വാക്‌സിനായി അലയുകയും ചിലരെങ്കിലും മടിച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇയാൾ ഒരേ ദിവസം തന്നെ ഒന്നും രണ്ടും ഡോസുകളായി പത്തുവട്ടം വാക്‌സിൻ സ്വീകരിച്ചിരിക്കുന്നത്.

ഇതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നാണ് വാർത്തകൾ പറയുന്നത്. എന്നാൽ ഈ രീതിയിൽ അമിതമായി വാക്‌സിൻ സ്വീകരിക്കുന്നത് ജീവൻ തന്നെ നഷ്ടപ്പെടാൻ ഇടയാകുന്നത്ര ഗൗരവതരമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ന്യൂസിലാൻഡ് ഹെറാൾഡും ന്യൂയോർക് പോസ്റ്റുമൊക്കെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനാവശ്യമായി വാക്‌സിൻ സ്വീകരിച്ച ഇയാളെ പലരും സ്വാർത്ഥനെന്ന് വിളിക്കുന്നതും റിപ്പോർട്ടിലുണ്ട്.

”മന്ത്രാലയം ഈ വിവരം അറിഞ്ഞിട്ടുണ്ട്. ഗൗരവപൂർവം വിഷയം കണക്കിലെടുക്കും. ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണിത്. വിവിധ ഏജൻസികളുമായി സംവദിച്ചുകൊണ്ടിരിക്കുകയാണ്”- ന്യൂസിലാൻഡ് ആരോഗ്യമന്ത്രാലയത്തിലെ കോവിഡ് വാക്‌സിൻ ആൻഡ് ഇമ്യൂണൈസേഷൻ പ്രോഗ്രാം ഗ്രൂപ് മാനേജർ അസ്ട്രിദ് കോർണിഫ് പറഞ്ഞു. ആരെങ്കിലും അമിത വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഉടൻ ഡോക്ടർമാരെ സമീപിക്കണമെന്നും പരിശോധന നടത്തണമെന്നും അധികൃതർ പറഞ്ഞു. അമിത ഡോസ് സ്വീകരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് അവർ പറയുന്നത്. വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആരെങ്കിലും അമിത ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ അനന്തര ഫലം അത്യധികം ആപത്കരമായിരിക്കുമെന്നാണ് ഓക്‌ലാൻഡ് യൂനിവാഴ്‌സിറ്റി പ്രഫസർ നിക്കി ടർണർ വ്യക്തമാക്കുന്നത്.

Leave a Reply