കോഴിക്കോട് വളയത്ത് വീട്ടിലെത്തി യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം ജാതിയേരി പൊന്‍പറ്റ സ്വദേശി ജഗനേഷാണ് മരിച്ചത്. യുവതിയുടെ വിവാഹം ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഇതില്‍ നിന്ന് യുവതി പിന്മാറാന്‍ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. വീടിൻ്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിൻ്റെ മുകൾ നിലയിൽ കയറുകയും മരത്തിൻ്റെ വാതിൽ തകർത്ത് കിടപ്പ് മുറിയിൽ കയറി തീ വെക്കുകയായിരുന്നു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളം വച്ചു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിൻ്റെ ടെറസിൽ നിന്ന് യുവാവ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ യുവതിയെയും സഹോദരനെയും മാതാവിനെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.