2002ൽ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യാ മാധവൻ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഇന്ദ്രജിത്തിനെയും ജയസൂര്യയെയും സിനിമ ലോകം ശ്രദ്ധിക്കപ്പെടാൻ കാരണമായ ചിത്രം കൂടിയാണ് ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിനിടെയുണ്ടായ ചില സംഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ ജിസ് ജോയ്.
ആ സമയത്ത് ജയസൂര്യയുടെയും ഇന്ദ്രജിത്തിന്റെയും അടുത്ത സുഹൃത്താണ് ജിസ്. മൂവരും അന്ന് കൊച്ചിയിൽ എത്തി സമയം ചെലവഴിക്കുമ്പോൾ ഒരു കൈ നോട്ടക്കാരി അടുത്തെത്തുകയും അവർ ഇന്ദ്രജിത്തിനോടും ജയസൂര്യയോടും പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ചാണ് ജിസ് ജോയ് തുറന്നുപറയുന്നത്.
ജിസ് ജോയുടെ വാക്കുകളിലേക്ക്..
‘ഷൂട്ടിംഗില്ലാത്ത ഒരു ദിവസം, അന്ന് ഞായറാഴ്ചയായിരുന്നു. ഇന്ദ്രജിത്തുമായി ജയസൂര്യ എന്റെ വീട്ടിൽ വന്നിരിക്കുകയായിരുന്നു. അന്ന് പാലിയോ എന്ന പറയുന്ന ഒരു കാറിലായിരുന്നു അവർ വന്നത്. പുതിയ കാറായിരുന്നു അത്. അതിന് നമ്പറൊന്നും കിട്ടിയിട്ടില്ല. അന്ന് ഞങ്ങൾ എറണാകുളത്തേക്ക് പോകുന്നു. ആ സമയത്ത് ലുലു മാൾ ഒന്നും തുടങ്ങിയിട്ടില്ല. നമുക്ക് ആകെ പോയി ഇരിക്കാനുള്ള സ്ഥലം ജി.സി.ഡിയാണ്. അവിടെ കായലിലേക്ക് നോക്കി ഇരിക്കാം. അന്ന് ഞങ്ങൾക്ക് പോകാൻ ആ ഒരു സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ഞങ്ങൾ ഒത്തിരി കാര്യം പറഞ്ഞ് ഇരിക്കുകയാണ്. ഇത്രയും വലിയ ഒരു നടന്റെ മകനെ അടുത്ത് പരിചയപ്പെടാൻ സാധിക്കുന്നു. ആ ഒരു സന്തോഷം എല്ലാം ആ സമയത്തുണ്ടായിരുന്നു. ജയൻ ആ സമയത്ത് ഇന്ദ്രജിത്തിന്റെ സഹപ്രവർത്തകനായി മാറിക്കഴിഞ്ഞു. അങ്ങനെ ഞങ്ങൾ ഇരിക്കുന്ന സമയത്ത് ഒരു സ്ത്രീ തത്തയെ ഒക്കെ പിടിച്ച് കൈ നോക്കാൻ വേണ്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഒരു 67-68 വയസുള്ള സ്ത്രീ. ഞങ്ങളുടെ അടുത്തേക്ക് എത്തുന്നു. നമുക്ക് പിന്നെ സമയം കളയാൻ ഇല്ലാത്തത് കൊണ്ട് എന്നാൽ ഒന്ന് കൈ നോക്കിക്കളയാം എന്ന് പറയുന്നു.
ഇതോടെ ജയസൂര്യ കൈ കാണിക്കുന്നു. ജയസൂര്യയുടെ മുഖത്തേക്ക് നോക്കി കലാകാരനാണ്. കലാരംഗത്ത് വലിയ ആളാവും എന്ന് പറഞ്ഞു. അന്ന് ജയസൂര്യ എപ്പോഴും മൂകാംബിക കുങ്കുമം തൊടാറുണ്ട്. അപ്പോൾ അവനെ കണ്ടാൽ ഒരു കലാകാരൻ ലുക്കുണ്ട്. ഇതൊക്കെ പറയുന്നു. ഒത്തിരി സന്തോഷമാകുന്നു. ഇതുകഴിഞ്ഞ് ഇന്ദ്രജിത്തിന്റെ കൈ നോക്കുന്നു. എന്നിട്ട് പറയുന്നു നിങ്ങളും ഗായകനാണ്, കലാകാരനാണ്. കുറച്ച് കഴിഞ്ഞ് ആ സ്ത്രീ കൈയുടെ ഒരുഭാഗത്ത് തൊട്ട് ഇന്ദ്രന്റെ മുഖത്ത് നോക്കി ഒരു കാര്യം ചോദിച്ചു.
കുഞ്ഞിന്റെ അച്ഛൻ രാജ്യം ഭരിക്കേണ്ട ആളാണ്. ഒത്തിരി പ്രജകളുണ്ടാകേണ്ട ആളാണ്. ആ പ്രജകളെ ഭരിക്കേണ്ട ആളാണ്. അത്രയും പേർ ആരാധിക്കേണ്ട ഒരാളാണ്. ഞങ്ങൾ ഇത് വളരെ കൗതുകത്തോടെ കേട്ടുനിന്നു. ഇന്നും ആ അമ്മയുടെ മുഖം എന്റെ മനസിലുണ്ട്. ആരാണ് മോന്റെ അച്ഛൻ എന്ന് ചോദിക്കുമ്പോൾ ഇന്ദ്രജിത്തിന്റെ കണ്ണുനിറഞ്ഞു. എന്റെ അച്ഛൻ സിനിമ നടനായിരുന്നു, പേര് സുകുമാരൻ. ഇത് കേട്ടതോടെ ആ സ്ത്രീ സുകുമാരന്റെ മകനാണോ എന്ന് ചോദിച്ചു. അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമായി എന്ന് പറഞ്ഞു. ഇത് വല്ലാത്ത ഒരു ഷോക്കായിപ്പോയി.