ഫഹദ് ഫാസിൽ നായകനായ മാലിക്കും പൃഥ്വിരാജ് നായകനായ കോൾഡ് കേസും ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്ന് സൂചന.
കൊവിഡ് വ്യാപനം മൂലം വലിയ സാന്പത്തിക പ്രതിസന്ധി
ഉണ്ടായെന്നും തിയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യത ഇല്ലാത്തതിനാൽ ഓടിടി റിലീസ് ആലോചിക്കുകയാണെന്നും
രണ്ട് ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആന്റോ ജോസഫ്
എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്തയച്ചു.
തിയറ്റർ റിലീസിനായി ഒരുപാട് കാത്തിരുന്നു. മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടൻ പ്രദർശനം
സാധ്യമാവുകയുമില്ല. അത് വലിയ നഷ്ടം ഉണ്ടാക്കുമെന്നതിനാൽ ഓടിടി റിലീസ് ആലോചിക്കേണ്ട അവസ്ഥയാണ്
ആന്റോ ജോസഫ് അയച്ച കത്തിൽ പറയുന്നു. രണ്ടു സിനിമകളും ആമസോൺ പ്രൈമിലൂടെ അടുത്ത മാസം പ്രേക്ഷകർക്ക്
മുന്നിലെത്തുമെന്നാണ് സൂചന. 22 കോടി രൂപയ്ക്കാണ് മാലിക് ആമസോൺ പ്രൈം എടുത്തതെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഒന്നരവർഷമായി റിലീസ് കാത്തിരിക്കുകയാണ് മാലിക്ക്. ടേക്കോഫിന് ശേഷം മഹേഷ് നാരായണൻ
സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്. സുലൈമാൻ എന്നയാളുടെയും അയാളുടെ തുറയിലെയും ജീവിതമാണ്
സിനിമ പറയുന്നത്. ഭാരം കുറച്ച് മേക്ക് ഓവർ നടത്തി ഫഹദ് ഫാസിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഫഹദിന്റെ കരിയറിലെ
ഏറ്റവും കൂടുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാലിക്ക്. നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ
തുടങ്ങി വലിയ ഒരു താരനിര ചിത്രത്തിലുണ്ട്. സാനു ജോൺ വർഗീസ് ആണ് ക്യാമറ.
പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന സിനിമയാണ് കോൾഡ് കേസ്. തനു ബാലക് ആണ് സംവിധാനം.
ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ആണ് ഛായാഗ്രഹണം.