സിനിമയെ ജനകീയ കലയാക്കിയത് തീയറ്ററുകൾ; ഓർമപ്പെടുത്തലുമായി സംവിധായകൻ വിനയൻ
കൊവിഡ് പ്രതിസന്ധി മൂലം നിരവധി ഓടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം കൈവരുകയും
ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും ഓടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് തിയറ്ററുകളുടെ പ്രാധാന്യം സംവിധായകൻ വിനയൻ ഓർമിപ്പിക്കുന്നത്.
വലിയ താരപദവിയും ജനകീയമായ അംഗീകാരവും നേടിയെടുത്തതിൽ തിയറ്ററിലെ ആരവങ്ങൾക്ക്
വലിയ പങ്കുണ്ടായിരുന്നു എന്ന് സിനിമാക്കാർ എങ്കിലും മറക്കരുതെന്ന് വിമർശനാത്മകമായി
വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
‘സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ.
വർണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്‍റെയും വിസ്മയക്കാഴ്ചയാണത്. നല്ല തിയറ്ററുകളിലെ
സാങ്കേതിക സൗകര്യത്തോടുകൂടി കണ്ടാലേ അതിന്‍റെ പൂർണ ആസ്വാദനത്തിൽ എത്തുകയുള്ളൂ. ഓടിടി പ്ലാറ്റ്ഫോമിൽ
റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്‍റെ സ്ക്രീനിൽ കണ്ട് തൃപ്തിയടയുന്നവരും ഉണ്ടല്ലോ. ഉളളത്കൊണ്ട് ഉള്ളതുപോലെ തൃപ്തിയാവുക
എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ’ -വിനയൻ കുറിച്ചു.
താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും തിയറ്റർ റിലീസ് മാത്രമേ ഉണ്ടാകൂ
എന്നും വിനയൻ ആവർത്തിച്ചു. ചിത്രത്തിന്‍റെ എഡിറ്റിങ് ജോലികൾ ആരംഭിച്ചു. നിയന്ത്രണങ്ങളിൽ ഇളവുവന്നാലുടൻ ക്ലൈമാക്സ്
ചിത്രീകരിക്കുമെന്നും സംവിധായകൻ പറഞ്ഞു. ആറാട്ടുപുഴ വേലായുധപണിക്കാർ എന്ന സാഹസികനായ പോരാളിയുടെ
കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സൺ ആണ് നായകൻ.