തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമെ തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. ഈ മാസം അഞ്ചിന് എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും അതിന് ശേഷം നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തും, അതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുവെന്നും സംഘടന അറിയിച്ചു.
നിലവില്‍ 50 ശതമാനം കാണികളുമായി പ്രവര്‍ത്തനം ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് സാമ്ബത്തിക നഷ്ടമുണ്ടാക്കും. വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവുകിട്ടുമോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞശേഷമാകും തുടര്‍ തീരുമാനെന്നും സംഘടന അറിയിച്ചു. മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞ് കിടന്നതിനാല്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നവര്‍ക്ക് നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ സമ്പത്തിക നഷ്ടത്തിന് പുറമെ നിലവിലെ അവസ്ഥയില്‍ തിയേറ്റര്‍ തുറക്കുന്നതിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മാസങ്ങളായി അടഞ്ഞുകിടന്നതിനാല്‍ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കുടുംബങ്ങള്‍ തിയറ്ററിലെത്താന്‍ മടിക്കുന്നതും തിരിച്ചടിയാവും. മാത്രമല്ല സിനിമകളുടെ റിലീസിനെക്കുറിച്ചും വ്യക്തതയില്ല.