Spread the love
Cartoon thief businessman running with money bag, flat style

കുറ്റ്യാടി : ടൗണിലെ 3 കടകളുടെ പൂട്ട് പൊളിച്ച് മോഷണം. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ബുക്ക് മാർട്ട്, ഹൈറൽ മദീന സ്റ്റേഷനറി, പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഡിഡി ബുക്സ് സ്റ്റാൾ എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ 1.40നും 3.15നും ഇടയിൽ മോഷണം നടന്നത്. ഡിഡി ബുക്സ് സ്റ്റാളിൽ നിന്ന് 20,000 രൂപയും ഹൈറൽ മദീന സ്റ്റേഷനറി കടയിൽ നിന്ന് 500 രൂപയും നഷ്ടപ്പെട്ടു. ബുക്ക് സ്റ്റാളുകളിലും പുതിയ ബസ് സ്റ്റാൻഡിന് സമീപവും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ 2 മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ബുക് സ്റ്റാളിൽ പുലർച്ചെ 1.40 ന് മോഷ്ടാക്കൾ എത്തിയതിന് ശേഷം പൂട്ട് കമ്പി ഉപയോഗിച്ച് തുറന്ന് അകത്തുകടക്കുകയായിരുന്നു.

മേശവലിപ്പുകൾ തുറന്നെങ്കിലും പണം സൂക്ഷിച്ച സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ല. ബാഗ്, കുട എന്നിവ മോഷ്ടിച്ച് കടയുടെ ഷട്ടർ താഴ്ത്തി മോഷ്ടാക്കൾ പുറത്തിറങ്ങി. തുടർന്ന് സമീപത്തെ ഹൈറൽ മദീന സ്റ്റേഷനറിയുടെ പൂട്ട് തുറന്ന് 500 രൂപ മോഷ്ടിച്ചു. തിരിച്ച് വന്ന് ആദ്യം മോഷണം നടത്തിയ കടയുടെ പുറത്തുള്ള നിരീക്ഷണ ക്യാമറകളിലൊന്ന് കമ്പി ഉപയോഗിച്ച് തിരിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മോഷ്ടാക്കൾ സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസുകളിൽ കയറിയിറങ്ങുന്നതായി മറ്റൊരു നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷം 3.10 ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ബുക്ക് സ്റ്റാളിൽ മോഷ്ടാക്കൾ എത്തി. പൂട്ട് തുറന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ മോഷ്ടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തി സ്ഥലം വിടുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് എത്തി കടകളിൽ പരിശോധന നടത്തി.

Leave a Reply