ശാസ്താംകോട്ട : ആക്രിക്കടകളിൽ നിന്നു ലക്ഷക്കണക്കിനു രൂപയുടെ ചെമ്പ് കമ്പി കവർന്നയാൾ പൊലീസ് പിടിയിലായി. ചവറ കൊട്ടുകാട് പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കുണ്ടറ ഇളമ്പള്ളൂർ ചിറയിൽ പുത്തൻ വീട്ടിൽ അനീഷിനെയാണ് (അനീസ്– 37)ചവറയിൽ നിന്നു ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: പ്രവാസിയായിരുന്ന അനീഷ് കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടമായി നാട്ടിലെത്തിയ ശേഷം കാർ വാടകയ്ക്ക് എടുത്ത് ആക്രിക്കടകളിൽ നിന്ന് രാത്രി മോഷണം നടത്തുകയായിരുന്നു. സിനിമാപ്പറമ്പ് കെഎസ്ഇബി സബ് സ്റ്റേഷനു എതിർവശത്തെ കടയിലും പാറയിൽ ജംക്‌ഷനിൽ സമീപത്തെ കടയിലും കവർച്ച നടത്തി. സിനിമാപ്പറമ്പിൽ നിന്നു മൂന്നര ലക്ഷം രൂപയുടെയും പാറയിൽ ജംക്‌ഷനിൽ ഒന്നര ലക്ഷം രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പരാതി. കവർച്ച നടത്തിയ സാധനങ്ങൾ മറിച്ചുവിറ്റ സ്ഥാപനങ്ങളിൽ പൊലീസ് അനീഷുമായി എത്തി തെളിവെടുത്തു.
സാധനങ്ങൾ പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അനീഷ് പിടിയിലായതെന്നു ഡിവൈഎസ്പി എസ്.ഷെരീഫ്, സിഐ കെ.ശ്രീജിത്ത്, എസ്ഐ കെ.എച്ച്.ഷാനവാസ് എന്നിവർ പറഞ്ഞു.